Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ശബരിമല മണ്ഡലകാല തീർഥാടനത്തിന് നാളെ തുടക്കം

ശബരിമല : വ്രതവിശുദ്ധിയുടെ മണ്ഡലകാല തീർഥാടനത്തിനു നാളെ തുടക്കം.

നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറക്കും.

ഡിസംബർ 27 വരെ പൂജകൾ ഉണ്ടാകും. ഡിസംബർ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും.

പിന്നെ മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

കെഎസ്ആർടിസിയുടെ പമ്പ സ്പെഷൽ സർവീസുകൾ ഇന്നു തുടങ്ങും. തിരുവനന്തപുരം സെൻട്രൽ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂർ, കൊട്ടാരക്കര, പമ്പ, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം ഡിപ്പോകളിൽ നിന്നാണ് പമ്പയ്ക്കു പ്രധാനമായും സ്പെഷൽ സർവീസ് നടത്തുക. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിന് 220 ബസുകൾ ഉണ്ടാകും.

ഹൈക്കോടതിയുടെ നിർദേശപ്രകാരം പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കണ്ടക്ടർമാർ ഉണ്ടാകും.

കഴിഞ്ഞ വർഷം കണ്ടക്ടർ ഇല്ലാത്തതിനാൽ മുൻകൂട്ടി ടിക്കറ്റ് എടുത്താണ് അയ്യപ്പന്മാർ ബസിൽ കയറിയത്. ഇത്തവണ ബസിൽനിന്നു ടിക്കറ്റ് കിട്ടും.

അതേസമയം വെർച്വൽ ക്യു ബുക്ക് ചെയ്യുമ്പോൾത്തന്നെ പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനം ഒരുക്കുമെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനം നടപ്പായില്ല.

ദേവസ്വം ബോർഡിന്റെ വെർച്വൽക്യു ആപ്ലിക്കേഷനിൽ ഇതിനുള്ള ക്രമീകരണം ഒരുക്കാത്തതാണു കാരണം.

Leave A Reply

Your email address will not be published.