കുട്ടനാട്: കുട്ടനാട് തകഴിയിൽ നെൽ കർഷകൻ കെജി പ്രസാദ് (55) ആത്മഹത്യ ചെയ്ത സംഭവത്തിൽ വളരെ വേദനയുണ്ടെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷിക്കാരന് കൊടുക്കാനുള്ളത് കൊടുക്കേണ്ട സാമാന്യ മര്യാദ സർക്കാർ കാണിക്കണം. ഇവിടുത്തെ കൃഷിമന്ത്രി എവിടെയാണ്. എല്ലാം ധൂർത്തിൻ്റെ വകഭേദമാണ്. പാവം പിടിച്ച കൃഷിക്കാരനെ ഇല്ലാതാക്കി അരി ലോബിയെ സംരക്ഷിക്കുന്ന അവസ്ഥ സർക്കാരുണ്ടാക്കരുതേ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.കൃഷിവകുപ്പും സർക്കാരുമല്ലേ ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്തു തരേണ്ടത്. പ്രതിവർഷം 4000 കോടി രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുള്ള വകുപ്പ് 2000 കോടി രൂപയ്ക്ക് താഴെ നെല്ല് എടുത്തിട്ട് അതിൻ്റെ തുകയുടെ നാലിൽ മൂന്നും തരുന്നത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിൻ്റെ ഫണ്ട് കർഷകൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാൻ സംസ്ഥാനസർക്കാർ തയ്യാറല്ല. അത് ഇവർ വക മാറ്റിയശേഷം പിആർഎസ് ലോണെടുത്തോണം എന്നാണ് പറയുന്നത്. എന്നാൽ സർക്കാരിന് ബാങ്കിങ് കൺസോർഷ്യവുമായുള്ള എഗ്രിമെന്റ് എന്താണെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.