തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കക്കള്ളിയില്ലാതായതോട ജീവനക്കാരുടേയും പെൻഷൻകാരുടേയും ആനുകൂല്യങ്ങൾക്ക് മുന്നിലും കൈമലർത്തി സംസ്ഥാന സർക്കാർ. ശമ്പള പരിഷ്കരണത്തിന്റെ ആദ്യ ഗഡു പിഎഫിൽ ലയിപ്പിക്കുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ച് മാസങ്ങളായി. ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച നാല് ശതമാനം കൂടി ചേർത്താൽ ഡിഎ കുടിശിക മാത്രം 22% വരും. എല്ലാറ്റിനും പുറമെ ഡിസംബറിൽ ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താൻ ധനവകുപ്പ് ഇപ്പോൾ തന്നെ നെട്ടോട്ടത്തിലാണ്.
നിലയില്ലാക്കയത്തില്‍ നിന്ന് അന്നന്നത്തെ നിലനിൽപ്പിനുള്ള സമരത്തിലാണ് സംസ്ഥാന ധനവകുപ്പ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം പെൻഷൻ ചെലവിനത്തിൽ കേരളത്തിന്റെ നീക്കിയിരുപ്പ് 68,282 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനം വരുമിത്. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും പോകുന്നത് ശമ്പളം പെൻഷൻ ആനുകൂല്യങ്ങൾക്കാണ്.