ന്യൂഡൽഹി : മൂന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളിൽ ഭാരതീയ ദർശനവുമായി ബന്ധപ്പെട്ട പാഠങ്ങൾ ഉൾപ്പെടുത്തുന്നതിന് 19 അംഗ സമിതി രൂപവത്കരിച്ച് എൻ.സി.ഇ.ആർ.ടി.
ചെന്നൈയിലെ സെന്റർ ഫോർ പോളിസി സ്റ്റഡീസിന്റെ ചെയർമാൻ എം.ഡി.ശ്രീനിവാസാണ് സമിതി അധ്യക്ഷൻ.
ഓരോ വിഷയത്തിലും ഭാരതീയ തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവ കണ്ടെത്തി പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും.
ഐ.ഐ.ടി.-ഗാന്ധിനഗറിലെ വിസിറ്റിങ് പ്രൊഫസറും എൻ.എസ്.ടി.സി അംഗവുമായ മൈക്കൽ ഡാനിനോ, പ്രിൻസ്റ്റണിലെ പ്രൊഫസർ മഞ്ജുൾ ഭാർഗവ്, എൻ.എസ്.ടി.സി കോ-ചെയർപേഴ്സൺ വി.രാമനാഥൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഇന്ത്യൻ സംസ്കാരം, വേദങ്ങൾ, കല, വാസ്തുവിദ്യ, ഇതിഹാസങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി സമിതി ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ രേഖകൾ തയ്യാറാക്കും. നവംബർ 20-നകം എൻ.സി.ഇ.ആർ.ടി, എൻ.എസ്.ടി.സി എന്നിവയ്ക്ക് പാഠ്യപദ്ധതി സമർപ്പിക്കും.
പാഠപുസ്തകങ്ങളുടെയും അധ്യാപന- പഠന സാമഗ്രികളുടെയും ആദ്യ കരട് ഡിസംബർ 31-ന് മുമ്പ് സമർപ്പിക്കും. അവസാന പതിപ്പുകൾ 2024 ജനുവരി 31-നകം പുറത്തിറക്കും.