തിരുവനന്തപുരം: കോടികള്‍ പൊടിച്ച് സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്ത് കേരളീയം ആഘോഷങ്ങള്‍ നടത്തുമ്പോള്‍ നാലു മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യര്‍. ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യര്‍ പലരും, അന്നന്നത്തെ ആഹാരത്തിനും മരുന്നിനും പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലുമാണ്. കടമെടുപ്പ് പരിധി കഴിയാറായതും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നിഷേധിച്ചതുമാണ് ക്ഷേമ പെന്‍ഷനില്‍ ഇത്ര വലിയ കുടിശികയുടെ കാരണമായി സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങള്‍.
എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് ഇത്ര ദീര്‍ഘകാലം ക്ഷേമപെന്‍ഷന്‍ മുടങ്ങുന്നത് ഇതാദ്യമായാണ്. ഒരു പാട് ഒച്ചവെച്ച ശേഷമാണ് ഓണക്കാലത്ത് കുടിശിക തീര്‍ത്തു കൊടുത്തത്. ഓണം കഴിഞ്ഞ ശേഷം ക്ഷേമ പെന്‍ഷന്‍കാരെ തിരിഞ്ഞു നോക്കിയിട്ടില്ല സര്‍ക്കാര്‍.