ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബിഎച്ച്‍യുവിൽ (Indian Institute of Technology (BHU)) വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം കത്തുന്നു. അജ്ഞാതരായ മൂന്നു പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിക്കുകയും ബലമായി ചുംബിക്കുകയും നഗ്നയാക്കി വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തത്.
നവംബർ 1ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഓഫീസിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായെത്തി. കാമ്പസിൽ മികച്ച സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ടിലെ പല ഭാഗങ്ങളിലും സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ ഇവിടെ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും സമരക്കാർ പറഞ്ഞു. താമസസ്ഥലത്തും ക്യാമ്പസിലും സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ പ്രവർത്തനരഹിതമാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.