ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.
യു.പി. സ്വദേശിയായ മുകേഷ് ആണ് മരിച്ചതെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സക്കിടെയാണ് മരിച്ചത്.
സംഭവസ്ഥലം ഉള്‍പ്പെടെയുള്ള പ്രദേശം നിരീക്ഷണത്തിലാണെന്നും പരിശോധന ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു. ആക്രമണത്തെകുറിച്ചുള്ള കൂടുതല്‍ വിവങ്ങള്‍ ലഭിച്ചിട്ടില്ല.
ഞായറാഴ്ച വൈകീട്ട് ശ്രീനഗറില്‍ കുട്ടികള്‍ക്കൊപ്പം മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.
ആക്രമണത്തില്‍ ഇന്‍സ്പെക്ടര്‍ മസ്റൂര്‍ അഹമ്മദ് വാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ശരീരത്തില്‍ ഒന്നിലധികം വെടിയേറ്റ ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാസേന അതീവ ജാഗ്രതയിലായിരുന്നു. അതിനിടെ, കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സുരക്ഷാസേന വധിച്ചതായി അധികൃതര്‍ അറിയിച്ചു. കെറാന്‍ സെക്ടറില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.