Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നിയമനക്കോഴ കേസ്: അഖില്‍ സജീവ് സഹപാഠിയില്‍നിന്ന് തട്ടിയത് 4.3 ലക്ഷം

KERALA NEWS TODAY – പത്തനംതിട്ട: സ്‌പൈസസ് ബോര്‍ഡ് നിയമനത്തട്ടിപ്പു കേസില്‍ ഒന്നാം പ്രതിയായ അഖിൽ സജീവിന്‍റെ കൂട്ടാളി യുവമോര്‍ച്ച നേതാവ് രാജേഷ് ഒളിവില്‍. സ്‌പൈസസ് ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 4.3 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
അഖില്‍ സജീവ് ഒന്നാം പ്രതിയായ കേസില്‍ രണ്ടാം പ്രതിയാണ് യുവമോര്‍ച്ച റാന്നി മണ്ഡലം ഭാരവാഹിയായ രാജേഷ്.
നിലവില്‍ രാജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള നിയമനത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ അഖില്‍ സജീവിന്റെ സഹപാഠിയാണ് പരാതിക്കാരന്‍.
സ്‌പൈസസ് ബോര്‍ഡില്‍ ഉന്നത ഉദ്യോഗമുള്ള രാജേഷിന്റെ സഹായത്തോടെ ക്ലാര്‍ക്ക് ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി 4,39,340 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ഒക്ടോബര്‍ ഒന്നിനാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മീന്‍ വില്പനയുമായ ബന്ധപ്പെട്ട ബിസിനസില്‍ പങ്കാളികളായിരുന്നു അഖിലും രാജേഷും. ഈ സൗഹൃദമാണ് പിന്നീട് തട്ടിപ്പിനു ഉപയോഗപ്പെടുത്തിയത്.
കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് പണം തട്ടിയത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ട്രസ്റ്റ് ഓഫ് എജ്യൂക്കേഷനാണ് നിയമനം നടത്തുന്നതെന്ന് വിശ്വസിപ്പിച്ചും ട്രസ്റ്റിന്റെ പേരില്‍ വ്യാജ മെയില്‍ ഐ.ഡിയും അപ്പോയിന്റ്‌മെന്റ് ലെറ്ററും നിയമന ഉത്തരവുണ്ടാക്കി വഞ്ചിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

പരാതിക്കാരന്റെ ഭാര്യാ സഹോദരന്റെ യു.പി.ഐ വഴി നാലുതവണയായി 91,800 രൂപ രാജേഷിന്റെ അക്കൗണ്ടിലേക്കും ഏഴുതവണകളായി 1,07,540 രൂപ അഖില്‍ സജീവിന്റെ അക്കൗണ്ടിലേക്കും നല്‍കി.
ഇതുകൂടാതെ അഖില്‍ സജീവിന്റെ ഓമല്ലൂര്‍ ശാഖയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് 2,40,000 രൂപയും നിക്ഷേപിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ അഖിലിന്റെ പണമിടപാടുകളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓമല്ലൂര്‍ ശാഖ അധികൃതര്‍ക്ക് പത്തനംതിട്ട പോലീസ് കഴിഞ്ഞദിവസം കത്തുനല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.