Malayalam Latest News

സംസ്ഥാനത്തെ ആദ്യ നൈറ്റ്‌ലൈഫ് കേന്ദ്രം ഈ മാസം തുറക്കും

KERALA NEWS TODAY – തിരുവനന്തപുരം: രാത്രിമുതല്‍ പുലര്‍ച്ചെവരെ മാനവീയംവീഥി ഉണര്‍ന്നിരിക്കും.
ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം ഇവിടെ ആസ്വദിക്കാം. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ വരവേല്‍ക്കുക.

കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകളും വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഒരുക്കും.
മാനവീയംവീഥി നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് തയ്യാറാക്കിയ കടകളുടെ നടത്തിപ്പാണ് കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. കൂടാതെ മൂന്ന് മൊബൈല്‍ വെന്‍ഡിങ് ഭക്ഷണശാലയും സജ്ജീകരിക്കും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് അനുസരിച്ചാണ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക.
കോര്‍പ്പറേഷനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി കലാപരിപാടികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് പോര്‍ട്ടല്‍ ക്രമീകരിക്കും.
ഇതിലൂടെ കലാകാരന്‍മാര്‍ക്കും സംഘങ്ങള്‍ക്കും പരിപാടിയുടെ വിവരങ്ങള്‍ നല്‍കാം. ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധന നടത്തിയശേഷമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കുക.

വാണിജ്യപരവും അല്ലാത്തതും എന്നിങ്ങനെ രണ്ടുതരത്തില്‍ തിരിച്ചാണ് കലാപരിപാടികള്‍ക്ക് അനുവാദം നല്‍കുന്നത്.
വാണിജ്യപരമായ പരിപാടികള്‍ക്ക് കോര്‍പ്പറേഷന്‍ നിശ്ചിത തുക ഈടാക്കും.

അടുത്തമാസം ആരംഭിക്കുന്ന കേരളീയം പരിപാടിക്ക് മുന്നോടിയായി നൈറ്റ് ലൈഫ് പൂര്‍ണമായി ആരംഭിക്കും.
കനകക്കുന്നിനെ നൈറ്റ് ലൈഫ് കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റുകയായിരുന്നു.

മാനവീയത്തിലെ നൈറ്റ് ലൈഫിന്റെ ഭാഗമായുള്ള വൈദ്യുതി, വെള്ളം, മാലിന്യ സംസ്‌കരണം എന്നിവയുടെ ചുമതല കോര്‍പ്പറേഷനാണ്.

അപര്യാപ്തത
ശൗചാലയവും ഇരിപ്പിടങ്ങളും ഇല്ലെന്നത് മാനവീയംവീഥിയുടെ വലിയ പോരായ്മയാണ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധിപ്പേര്‍ ദിവസേന എത്തുന്ന ഇവിടെ ശൗചാലയം ഇല്ല. ഒരെണ്ണമുള്ളത് അടച്ചിട്ടിരിക്കുകയാണ്.

റോഡിന്റെ വശത്തായി ആളുകള്‍ക്ക് ഇരിക്കാമെങ്കിലും പ്രായമായവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ഇരിപ്പിടമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
മാലിന്യം തള്ളാനുള്ള ബിന്നുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.

Leave A Reply

Your email address will not be published.