തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി
എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി ഇടപെടൽ രാഷ്ട്രീയ പ്രേരിതമെന്ന്
നിലപാടെടുത്ത് തള്ളുമ്പോഴും നിയമനടപടിയിൽ സിപിഎമ്മിന് ആകാംക്ഷ.
എക്സാലോജിക് നൽകിയതും എക്സാലോജിക്കിനെതിരെ നൽകിയതുമായ മൂന്ന്
കേസുകളാണ് ഇന്ന് കോടതിയിലെത്തുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട് രണ്ട്
ഹൈക്കോടതിയിലായി മൂന്ന് കേസുകളാണുളളത്. കമ്പനിക്കെതിരെ നൽകിയതും
കേന്ദ്ര ഏജൻസി ഇടപെടലിനെതിരെ കമ്പനി നൽകിയതുമായ കേസുകൾ
പരിഗണനയ്ക്ക് എത്തുമ്പോൾ കോടതി പരാമര്‍ശമെന്താകുമെന്നാണ് ആകാക്ഷ.
തെരഞ്ഞെടുപ്പ് മുൻ നിര്‍ത്തി നിര്‍ണ്ണായക നേതൃ യോഗങ്ങളിലാണ് പാര്‍ട്ടി. നിയമസഭാ
സമ്മേളനവും നടക്കുകയാണ്. ഏതെങ്കിലും വിധത്തിൽ എതിര്‍
പരാമര്‍ശങ്ങളുണ്ടാകുമോ എന്ന ആശങ്ക പാര്‍ട്ടി വൃത്തങ്ങളിലുണ്ട്. മാസപ്പടി
ആരോപണത്തിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ
ആക്ഷേപങ്ങളിൽ ശക്തമായ പ്രതിരോധത്തിലാണ് സിപിഎം. തെരഞ്ഞെടുപ്പ് മുന്നിൽ
നിൽക്കെ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ലെന്ന
വിലയിരുത്തൽ തന്നെയാകും നേതൃത്വം മുന്നോട്ട് വയ്ക്കുക.