Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

2023 മലയാള സിനിമയ്ക്ക് നല്‍കിയത് വെറും 4 സൂപ്പര്‍ ഹിറ്റുകള്‍

2023 വിടവാങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് നല്‍കിയത് വെറും 4 സൂപ്പര്‍ ഹിറ്റുകള്‍ മാത്രം. ഈ വര്‍ഷം ഡിസംബര്‍ 8 വരെയുള്ള കണക്കെടുത്താല്‍ റിലീസായത് 209 സിനിമകളാണ്. അതില്‍ നിര്‍മാതാവിന് മുടക്കു മുതല്‍ തിരിച്ചു നല്‍കിയത് 13 സിനിമകള്‍ മാത്രം. മോഹന്‍ലാലിന്റെ ജീത്തുജോസഫ് ചിത്രം നേര്, മീരാജാസ്മിന്‍ – നരേന്‍ ജോഡിയുടെ ക്വീന്‍ എലിസബത്ത് തുടങ്ങിയ സിനിമകളുള്‍പ്പെടെ ഇനി ഈ വര്‍ഷം 10 സിനിമകളെങ്കിലും റിലീസിനെത്തുമ്പോള്‍ സിനിമകളുടെ ആകെ എണ്ണം 220 കടക്കും.കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത് 176 സിനിമകളാണ് . മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ഒരാഴ്ചയില്‍ 18 സിനിമകള്‍ വരെ റിലീസ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു നിര്‍മാതാക്കള്‍. ഇതിനിടയിലും, ‘2018’ എന്ന ചിത്രത്തിന്റെ ഓസ്‌കര്‍ നാമനിര്‍ദേശം അഭിമാനിക്കാവുന്നതാണ്.മലയാള സിനിമകള്‍ക്ക് കാലിടറിയ വര്‍ഷം തമിഴ് സിനിമ മലയാളത്തില്‍ നടത്തിയത് വന്‍ ബിസിനസ്. രജനീകാന്തിന്റെ ‘ജയിലര്‍’ കേരളത്തില്‍ നിന്ന് നേടിയത് 20 കോടിയിലേറെ രൂപയുടെ ഷെയറാണ്. വിജയ് ചിത്രം ലിയോ, ജിഗര്‍തണ്ട, ഷാറുഖ് ഖാന്‍ ചിത്രങ്ങളായ ജവാന്‍, പഠാന്‍ എന്നിവയും മികച്ച കലക്ഷന്‍ നേടി.ജൂഡ് ആന്തണി ജോസഫിന്റെ 2018, റോബി വര്‍ഗീസിന്റെ കണ്ണൂര്‍ സ്‌ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആര്‍ഡിഎക്‌സ്, ജിത്തുമാധവന്റെ രോമാഞ്ചം എന്നി സിനിമകളാണ് 2023ലെ സൂപ്പര്‍ഹിറ്റുകള്‍.നന്‍പകല്‍ നേരത്ത് മയക്കം, നെയ്മര്‍, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡന്‍, ഫാലിമി, കാതല്‍, മധുര മനോഹര മോഹം എന്നിവയാണ് 2023 ലെ ഹിറ്റു സിനിമകള്‍

Leave A Reply

Your email address will not be published.