തിരുവനന്തപുരം: ശ്രീകാര്യത്ത് യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിൽ സംഘർഷം.
കാര്യവട്ടത്തെ നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രീകാര്യത്ത് എത്തിയപ്പോഴാണ് ഇടവഴിയിൽ ഒളിച്ചിരുന്ന യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്.
15-ഓളം പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
പോലീസ് ലാത്തിവീശി പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചെങ്കിലും ഒരാൾ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ മുന്നിലെത്തി കരിങ്കൊടി കാണിച്ചു. 20 മിനിറ്റോളം പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി.
തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് ശ്രീകാര്യം ഉൾപ്പെടുന്ന കഴക്കൂട്ടം മണ്ഡലം.
യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം മുന്നിൽക്കണ്ട് വൻ പോലീസ് സന്നാഹമായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നത്.