Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ദേവസ്വംബോർഡ് ആസ്ഥാനത്ത് യൂത്ത്കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിലും ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ടുവെന്നും ബോര്‍ഡ് നേതൃത്വം രാജിവെച്ചൊഴിയണമെന്നും ആവശ്യമുന്നയിച്ചാണ് പ്രതിഷേധം.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയത്. ആസ്ഥാനത്തിന്റെ കവാടത്തിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസെത്തി അറസ്റ്റ് ചെയ്തു നീക്കി.

പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് ആസ്ഥാനത്തു നിന്ന് മാറ്റിയത്.

‘സന്നിധാനത്ത് ഭക്തര്‍ കുഴഞ്ഞുവീണ് മരിക്കുമ്പോഴും സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണ്. ദേവസ്വം മന്ത്രി ഉത്തരംപറയണം.

എ.സി. ബസില്‍ തെക്കുവടക്ക് യാത്ര ചെയ്യുകയല്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. മുപ്പതു വെള്ളി കാശിനുവേണ്ടി പാര്‍ട്ടിയെ ഒറ്റിയ ആളാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രശാന്ത്.

കിട്ടിയ വകുപ്പ് മര്യാദയ്ക്ക് നോക്കണം’, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ്. നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഓണ്‍ലൈനായി പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

ഇന്ന് ദേവസ്വം ബോര്‍ഡ് യോഗവും ചേരുന്നുണ്ട്.

കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടേയും നേതാക്കള്‍ നിലയ്ക്കൽ എത്തും.

ദര്‍ശനം പൂര്‍ത്തിയാക്കാതെ ഭക്തര്‍ മടങ്ങുന്ന സാഹചര്യമാണ് ശബരിമലയില്‍.

തിരക്ക് കാരണം സന്നിധാനത്തെത്താന്‍ കഴിയാതെ പന്തളം ധര്‍മശാസ്ത്രാ ക്ഷേത്രത്തില്‍ ചടങ്ങു പൂര്‍ത്തിയാക്കി ഭക്തരിൽ പലരും മടങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.

Leave A Reply

Your email address will not be published.