KERALA NEWS TODAY – കലവൂർ: കാറിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ ഏഴാംക്ലാസ് വിദ്യാർഥി അനൂപിന്റെ ജീവൻ നഷ്ടമായത് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ.
അപകടശേഷം ഡ്രൈവർ അതേ കാറിൽത്തന്നെ അനൂപിനെ കൊണ്ടുപോയത് നേരേ ആശുപത്രിയിലേക്കല്ല എന്ന് ബന്ധുക്കൾ .
അനൂപിനെ ഇടിച്ചകാർ ആൾപ്പെരുമാറ്റമില്ലാത്ത പുരയിടത്തിൽ ഒളിപ്പിച്ചതിനു ശേഷം മറ്റൊരു കാർ വിളിച്ചാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഈ സമയത്താണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നത് .
കാർ ഇടിച്ചതിനുശേഷം കുട്ടിയേയും കൊണ്ട് കറങ്ങിനടന്നത് കാരണമാണ് അനുപ് മരണത്തിന് കിഴടങ്ങിയത് .
പന്ത്രണ്ടുകാരന്റെ ജീവൻ നഷ്ടപ്പെടുത്തിയതിന്റെ അമർഷത്തിലാണു നാട്ടുകാരും ബന്ധുക്കളും.
രക്തക്കറയുമായി ഒരു കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽക്കണ്ടതാണ് ഈ കേസിൽ ഇങ്ങനെയൊരു വഴിത്തിരിവുണ്ടായത് . നാട്ടുകാരാണ് ഈ വിവരം ആദ്യം മണ്ണഞ്ചേരി പോലീസിൽ അറിയിച്ചത് .വിവരം അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. അപകടത്തിനിടയാക്കിയ കാറിന്റെ നമ്പർ പ്ലേറ്റ് നാട്ടുകാർക്ക് അപകടസ്ഥലത്തുനിന്നു ലഭിച്ചിരുന്നു. ഇതു പോലീസിനു കൈമാറുകയും ചെയ്തു. ഡ്രൈവറെ അറസ്റ്റു ചെയ്തിട്ടില്ലെന്നും കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മണ്ണഞ്ചേരി എസ്.എച്ച്.ഒ. ജെ. നിസാമുദ്ദീൻ പറഞ്ഞു. കുങ്ഫു ക്ലാസിനായി അനൂപ് സൈക്കിളിൽ പോകുമ്പോൾ കലവൂർ-വളവനാട് എ.എസ്. കനാൽ റോഡിൽ ഞായറാഴ്ച രണ്ടു മണിയോടെയായിരുന്നു അപകടം.