വയനാട്ടിൽ കോൺഗ്രസിലെ ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തല്ല് ഇന്ന് തന്നെ നിർത്തിക്കോണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസ്സിൽ ഉള്ളവരോടല്ല താനിത് പറയുന്നത്, മറിച്ച് വേദിയിൽ ഇരിക്കുന്നവരോടാണ് എന്നും ഇതൊരു ഭീഷണിയായി തന്നെ കണ്ടോളൂവെന്നും സതീശൻ പറഞ്ഞു.സ്വന്തം ബൂത്ത് കമ്മറ്റി ഉണ്ടാക്കാത്ത നേതാക്കളെ ചോദ്യം ചെയ്യണമെന്നും അല്ലെങ്കിൽ ഒന്ന് കളിയാക്കണമെന്നും ആവശ്യപ്പെട്ട വിഡി സതീശൻ, എന്നാലേ ഈ നേതാക്കൾ പഠിക്കൂവെന്നും പറഞ്ഞു. നേതാക്കൾ എല്ലാ വിയോജിപ്പും മാറ്റിവച്ച് സ്നേഹത്തോടെ ഇടപഴകണമെന്ന് കെപിസിസി അധ്യക്ഷനും ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പറഞ്ഞ സ്നേഹത്തിന്റെ കട പ്രയോഗം ആദ്യം മനസ്സിൽ വേണമെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു.