ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. പാലക്കാട് ചെർപ്പുളശേരി സ്വദേശിനി വികെ സിന്ധുവാണ് മരിച്ചത്. ഇതോടെ ട്രക്കിങ്ങിനിടെ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. തിരുവനന്തപുരം സ്വദേശിനിയും ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന ആശാ സുധാകറാണ് മരിച്ച മറ്റൊരു മലയാളി. ഡെല്ലിൽ സോഫ്റ്റ് വെയർ എൻജിനിയറാണ് 45കാരിയായ സിന്ധു.ട്രക്കിങ്ങിന് പോയ 22 അംഗ സംഘത്തിൽ 9 പേരും മരിച്ചതായാണ് റിപ്പോർട്ട്. മോശം കാലാവസ്ഥയെ തുടർന്ന് സംഘത്തിലുണ്ടായിരുന്നവർ വഴിതെറ്റുകയായിരുന്നു. നാല് പേരുടെ മൃതദേഹങ്ങൾ ഉത്തരകാശിയിൽ നിന്നാണ് കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ആശയുടെ ഭർത്താവ് എസ് സുധാകർ, മലയാളിയായ ഷീന ലക്ഷമി എന്നിവരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രാദേശിക സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.കർണാടകയിൽ നിന്നുള്ള 18 അംഗങ്ങളും മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാളും ഉത്തരകാശിയിൽ നിന്നുള്ള മൂന്ന് ഗൈഡുകളും അടങ്ങുന്നതായിരുന്നു സംഘം. 4,400 മീറ്റർ ഉയരത്തിലുള്ള സഹസ്ത്ര തടാക പരിസരത്തേക്കുള്ള ട്രക്കിങ് മെയ് 29നാണ് ആരംഭിച്ചത്. ട്രെക്കിംഗ് ഏജൻസിയായ ഹിമാലയൻ വ്യൂ ട്രാക്കിംഗ് ഏജൻസി, മനേരി, ട്രക്കിംഗ്ക്കാരെ സഹസ്ത്ര താലിലേക്ക് കൊണ്ടുപോയത്.