KERALA NEWS TODAY- തിരുവനന്തപുരം: ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീട്ടിലെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ കണ്ടത്.
ഇതിനു പിന്നാലെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് ഭര്‍ത്താവും മൂത്തമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിൻ്റെ മൊഴി.
എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ മലയിന്‍കീഴ് പോലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അച്ഛന്‍ ഗോപന്‍ പറഞ്ഞു. വിദ്യയുടെ അച്ഛന്‍ ആണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. പത്തുവര്‍ഷം മുന്‍പായിരുന്നു വിദ്യയുടെയും പ്രശാന്തിൻ്റെയും വിവാഹം.
ദമ്പതികള്‍ക്ക് രണ്ടുമക്കള്‍ ഉണ്ട്. ഭര്‍ത്താവ് പ്രശാന്ത് നേരത്തെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ മരണകാരണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും മലയന്‍കീഴ് പോലീസ് പറയുന്നു.