KERALA NEWS TODAY – ന്യൂഡല്‍ഹി: ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ.
കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിൻ്റെ കത്തിനു നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഇത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിനു കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണം എന്നാണ് എളമരം കരീം എംപി ആവശ്യപ്പെട്ടിരുന്നത്.
പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇളവ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
തിങ്കളാഴ്ച മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് ഇളവില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ലഭിച്ചിക്കുന്നത്. കേന്ദ്രത്തിൻ്റെ തീരുമാനം വരുന്നതുവരെ പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള ഒരുകുട്ടിക്ക് മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് പിഴ ചുമത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം.