Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബോട്ട് ദുരന്തം: കാണാതായവരെ കുറിച്ച് പോലീസിൽ അറിയിക്കണമെന്ന് മന്ത്രി കെ രാജന്‍

മലപ്പുറം: ബോട്ട് അപകടമുണ്ടായ താനൂര്‍ ഓട്ടുംപുറം തൂവല്‍ തീരത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മന്ത്രി കെ രാജന്‍. സംഭവത്തില്‍ എല്ലാ വിധ അന്വേഷണവും ഉണ്ടാകുമെന്നും നാളെ ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് വിവരം അറിയിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേർ ബോട്ടിൽ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനാണ് മുഖ്യ പരിഗണന നൽകിയതെന്നും ബോട്ട് സർവീസുമായി ബന്ധപ്പെട്ട പരാതികൾ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.

അപകടത്തിൽപെട്ട ഒരാളെ മാത്രമാണ്‌ ഇനി കണ്ടെത്താനുള്ളതെന്നാണ് പോലീസ് നിഗമനം. കൂടുതൽ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ ടിക്കറ്റെടുത്തിട്ടും ബോട്ടിൻ്റെ വരവ് കണ്ട് ഭയന്ന് ബോട്ടിൽ കയറാതെ പിൻവാങ്ങിയ നിരവധി പേരുണ്ട്. ഇതുവരെ 22 പേരാണ് സംഭവത്തിൽ മരണമടഞ്ഞത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേർ നീന്തിക്കയറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.