Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജിക്ക് സുപ്രീംകോടതി നോട്ടീസ്

KERALA NEWS TODAY – തിരുവനന്തപുരം: പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി.
വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കെ എം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം.

അതേസമയം ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോ എന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിൻ്റെ അഭിഭാഷകരോട് ചോദിച്ചു.
എന്നാല്‍ ഷാജിക്കെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഈ എഫ്ഐആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.

കെ എം ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്‌ഐആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ് നടത്തുകയും 47 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.