നടൻ ദിലീപിന്റെ (Dileep) അടുത്ത ചിത്രം ‘ബാന്ദ്ര’ (Bandra) നവംബർ മാസം 10ന് റിലീസ് ചെയ്യും. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയയും വേഷമിടുന്നു. നായകന്റെ പിറന്നാൾ ദിനത്തിലായിരുന്നു പ്രഖ്യാപനം. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം.
മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം കൂടി ചിത്രം സംസാരിക്കും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്.തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി.എസ്., എഡിറ്റിംഗ് – വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നോബിള്‍ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.