ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡല്‍ഹിയില്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അവർ വൈകാരിക പ്രഖ്യാപനം നടത്തിയത്.
ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലെ നിരാശ പങ്കുവെച്ചുകൊണ്ടാണ് താൻ ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യാപിച്ചത്.
വാര്‍ത്താ സമ്മേളനത്തിനുശേഷം ഷൂസ് ഊരിവെച്ച് കണ്ണീരോടെയാണ് സാക്ഷി ഇറങ്ങിപ്പോയത്.
’40 ദിവസം ഞങ്ങള്‍ റോഡിലാണ് ഉറങ്ങിയത്.
രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിലുള്ള ആളുകള്‍ തങ്ങളെ പിന്തുണച്ചു. ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഗുസ്തി അവസാനിപ്പിക്കുകയാണ്’, സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് നിറവേറ്റിയില്ല.
സഞ്ജയ് സിങ് ബ്രിജ്ഭൂഷന്റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു.
ഒരു വനിതാ പ്രസിഡന്റിനെയാണ് തങ്ങള്‍ മുന്നോട്ടുവെച്ചിരുന്നത്.
അധ്യക്ഷ വനിതയായാല്‍, പീഡനങ്ങള്‍ കുറയും.
പക്ഷേ, ലിസ്റ്റ് പരിശോധിച്ചാല്‍ സംഘടനയില്‍ ഇപ്പോഴോ കഴിഞ്ഞ കാലങ്ങളിലോ വനിതാ പ്രാതിനിധ്യം കാണാനാവില്ല.
ഏതെങ്കിലും ഒരു സ്ഥാനത്തുപോലും വനിതയില്ല.
ഇതിനെതിരേ പുതിയ തലമുറയിലെ ഗുസ്തിക്കാര്‍ പ്രതിഷേധിക്കണമെന്നും സാക്ഷി മാലിക് ആവശ്യപ്പെട്ടു.
കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനാണ് സഞ്ജയ് സിങ്ങിനെതിരേ മത്സരിച്ചിരുന്നത്.
ഗുസ്തി താരങ്ങളുടെ പിന്തുണയോടെയായിരുന്നു അനിതയുടെ സ്ഥാനാര്‍ഥിത്വം.
ഈ തസ്തികയിലേക്ക് മത്സരിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ഥിയാണ് അനിത.
എന്നാല്‍ 47 വോട്ടുകളില്‍ ഏഴ് വോട്ടുകള്‍ മാത്രമേ അനിതയ്ക്ക് ലഭിച്ചുള്ളൂ.
പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി. എം.പി. ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നിരുന്നു.