KERALA NEWS TODAY – പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിൻ്റെ പേരില്‍ വ്യാജ അധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതിന് പ്രതി ചേര്‍ത്തിട്ടുള്ള എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിൻ്റെ സഹായം തേടി പോലീസ്.
വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പോലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം അന്വേഷണസംഘം വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തിയ സംഘം വിദ്യയുടെ ബന്ധുവിൻ്റെയും അയൽവാസിയുടേയും സാന്നിധ്യത്തിൽ ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ജൂൺ മൂന്നിന് കോട്ടത്തറ ആർ.ജി.എം കോളജിൽ നടന്ന ഗെസ്റ്റ് ലെക്ചറർമാരുടെ മുഖാമുഖത്തിൽ പങ്കെടുത്ത വിദ്യ മഹാരാജാസ് കോളജിൽ രണ്ടു വർഷം പഠിപ്പിച്ചിരുന്നതായി വ്യാജ രേഖ സമർപ്പിച്ചെന്നാണ് കേസ്.
മഹാരാജാസിലെ മുൻ അധ്യാപികയായിരുന്ന ലാലിമോൾക്ക് തോന്നിയ സംശയത്തിൽ മഹാരാജാസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജ രേഖയാണെന്ന് വ്യക്തമായത്.
ഇക്കാലയളവിൽ മഹാരാജാസ് മലയാളം വിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തിയിട്ടില്ലെന്നാണ് കോളേജ് അധികൃതർ വ്യക്തമാക്കുന്നത്.
ഇതിനിടെ കാസർഗോഡ് കരിന്തളം ഗവ.കോളേജിലും ഇതേ വ്യാജരേഖ സമർപ്പിച്ചാണ് കഴിഞ്ഞ വർഷം മലയാളം അധ്യാപികയായി ജോലി നേടിയതെന്ന പ്രിൻസിപ്പൽ ചുമതലയിലുള്ള ഡോ. ജെയ്സൺ ബി. ജോസഫിൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.