KERALA NEWS TODAY – തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ്, ജിത്തുലാൽ എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെയാണ് അറസ്റ്റിലായ പ്രതികൾ മർദ്ദിച്ച് പരിക്കേല്പിച്ചതെന്നാണ് റിപ്പോർട്ട്.
മർദ്ദനത്തിൽ സ്വരാജിന്റെ നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നത് കഴിഞ്ഞ മാസം ഒന്‍പതാം തീയതി വെള്ളാർ ഭാഗത്തു വെച്ചാണ്.
സുഹൃത്തായ സ്വരാജിനെ പ്രതികൾ മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തതിനെ തുടർന്ന് നടന്ന തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ശേഷം ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ എസ്. ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ എ.എസ്.ഐ മുനീർ, സുരേന്ദ്രൻ, സിപി ഒ സെൽവൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.