NATIONAL NEWS – ന്യൂഡൽഹി : യുഎൻ രക്ഷാസമിതിയിൽ (യുഎൻഎസ്‌സി) സ്ഥിരാംഗത്വ പദവിക്കായുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ ആവർത്തിച്ച് യുഎസ്.
ജി20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പ് നൽകിയത്.
‘‘കൂടുതൽപേരെ ഉൾക്കൊള്ളുന്നതും പ്രാതിനിധ്യവുമുള്ളതായിരിക്കണം ആഗോള ഭരണം എന്ന കാഴ്ചപ്പാട് തുടരും.
പരിഷ്കരിച്ച യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ വീണ്ടും യുഎസ് പിന്തുണയ്ക്കും. 2028-29ൽ യുഎൻഎസ്‌സിയിലെ നോൺ–പെർമനന്റ് അംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാർഥിത്വത്തെയും സ്വാഗതം ചെയ്യുന്നു’’– വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹുമുഖ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെയും പരിഷ്‌കരിക്കേണ്ടതിന്റെയും ആവശ്യകത മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.
പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയായ ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം ആഗോള നന്മയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നു മോദി പറഞ്ഞു.
സെപ്റ്റംബർ 9, 10 തീയതികളിൽ ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് 18-ാമത് ജി20 ഉച്ചകോടി. വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾ കൂടി വികസിത രാജ്യങ്ങൾ പരിഗണിക്കണമെന്ന ആഹ്വാനവുമായാണ് ഉച്ചകോടി തുടങ്ങുന്നത്. യുഎസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ എത്തി.
രാജ്യതലസ്ഥാനത്തു കനത്ത സുരക്ഷ ഏർപ്പെടുത്തി. സമ്മേളനവുമായി ബന്ധമില്ലാത്ത വാഹനങ്ങൾക്കു പ്രഗതി മൈതാൻ ഭാഗത്തേക്ക് പ്രവേശനമില്ല.