തിരുവനന്തപുരം: കോട്ടയം പാർലമെൻ്റ് സീറ്റിനെച്ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമായേക്കും. മധ്യകേരളത്തിൽ വിജയസാധ്യത കൂടുതലുള്ള സീറ്റായ കോട്ടയത്ത് കോൺഗ്രസ് സ്ഥാനാർഥി വേണമെന്ന ആവശ്യം ജില്ലയിലെ കോൺഗ്രസ് നേതൃത്വം ശക്തമാക്കിയതോടെയാണ് തർക്കത്തിനുള്ള സാധ്യതയൊരുങ്ങിയത്.വിജസാധ്യതയുള്ള കോട്ടയം സീറ്റിൽ പാർട്ടി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി വേണമെന്ന ആവശ്യം ജില്ലയിലെ പ്രധാന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ജില്ലാ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് ശക്തമാക്കുകയാണ്. മുൻധാരണ പ്രകാരം കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം ഒരുക്കമാണ്. സീറ്റുമായി ബന്ധപ്പെട്ട തർക്കം ഒഴിവാക്കാനായെന്ന് കരുതിയ ഘട്ടത്തിലാണ് ജില്ലയിൽ നിന്നുള്ള നേതാക്കൾ നിലപാട് കടുപ്പിച്ചത്.കോൺഗ്രസിന് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായ കോട്ടയം സീറ്റിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം മത്സരിക്കുന്നതിൽ പ്രാദേശിക നേതൃത്വത്തിൽ എതിർപ്പുണ്ടായിരുന്നു. കേരളാ കോൺഗ്രസ് എംഎൽഡിഎഫിലേക്ക് പോയ സാഹചര്യത്തിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിനാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നത്. കേരളാ കോൺഗ്രസ് എം പിളർന്ന ഘട്ടത്തിലായിരുന്നു ഈ വിലപേശൽ. ഈ ധാരണപ്രകാരം കോട്ടയത്ത് സ്ഥാനാർഥി നിർണയം നടത്താൻ ജോസഫ് വിഭാഗം നീക്കം ആരംഭിച്ച ഘത്തിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം എതിർപ്പുമായി എത്തുന്നത്.