Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പാർലമെന്റിൽ അതിക്രമിച്ച് കയറി കളർ സ്പ്രേ പ്രയോഗിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച.

ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചു.

കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങളായി. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു.

എം.പി മാര്‍ക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്.

ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എം.പിമാരെല്ലാം സുരക്ഷിതരാണ്.

ഒരു യുവതി അടക്കം നാല് പേര്‍ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്.

കൃത്യം നടത്തിയവരില്‍ ഒരു യുവാവിനെ എം.പിമാര്‍ തന്നെയാണ് പിടിച്ചുവച്ചത്. ഞൊടിയിടയില്‍ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടാമത്തെയാളെയും കീഴ്‌പ്പെടുത്തി സഭയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേര്‍ മുദ്രാവാക്യം വിളിക്കുകയും സ്പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കസ്റ്റഡിയിലെടുത്തവരെ പാര്‍ലമെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ഇവരെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യും.

ദിവസങ്ങള്‍ക്ക് മുമ്പ്‌സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

Leave A Reply

Your email address will not be published.