KERALA NEWS TODAY – കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ 25 കോടി ഓണം ബമ്പർ നറുക്കെടുപ്പ് രാജ്യത്താകമാനം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
ഇത്തവണ സമ്മാനം കൊണ്ടുപോയത് 4 തമിഴ്നാട് സ്വദേശികളായിരുന്നു. എന്നാൽ ഇതിനിടയിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു തമിഴ്നാട് സ്വദേശി.
ഓണം ബംപർ അടിച്ചവർക്ക് സമ്മാനം നൽകരുതെന്നാണ് തമിഴ്നാട് സ്വദേശി പരാതി നൽകിയിരിക്കുന്നത്. ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ലോട്ടറി ഡയറക്ടറേറ്റിനുമാണ് പരാതി നൽകിയിരിക്കുന്നത്.
സമ്മാനം നൽകരുതെന്ന് പറയുന്നതിന് കാരണവുമുണ്ട്. ഇത്തവണ ഓണം ബംപർ അടിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നാണ് ആരോപണം.
ഈ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിനാൽ അത് ഒരിക്കലും കെെമാറാൻ പാടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കേരള സംസ്ഥാന ഭാഗ്യക്കുറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കരുതെന്നാണ് നിയമമെന്ന് പരാതി നൽകിയ വ്യക്തി പറയുന്നത്.
കേരളത്തിലെ ബാവ ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിലെടുത്ത ടിക്കറ്റ് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലാണ് വിറ്റതെന്നും അതിനാൽ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.