കൊച്ചി: ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിലെ പ്രതിക്ക് സ്വീകരണം നല്‍കിയതിനെതിരെ പരാതിക്കാരി രംഗത്ത്.
പ്രതിക്ക് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുന്നു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വലിയ വേട്ടയാടലെന്നും പരാതിക്കാരി പറഞ്ഞു.
പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമെന്ന അവസ്ഥയാണെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി.
തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു. സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസിൽ അടുത്തുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് പിൻമാറുകയായിരുന്നു.
പരാതിപ്പെട്ടാൽ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാൽ കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകുമെന്നും പെൺകുട്ടി ആരോപിച്ചു.
കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.