KERALA NEWS TODAY – തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മീന്‍പിടിത്ത വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.
പുലിമുട്ടിനിടയില്‍ കുടുങ്ങിയ നിലയിലായാണ് മൃതദേഹം. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്.
ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ബിജു എന്ന സുരേഷ് ഫെർണാണ്ടാസിൻ്റെ(58) മൃതദേഹമാണ് കിട്ടിയത്.
പുലിമുട്ടിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും പലതവണ കടന്നുപോയ പ്രദേശത്താണ് മൃതദേഹം കിടന്നിരുന്നതെന്നും, എന്നിട്ടും മൃതദേഹം കണ്ടെത്താന്‍ കാലതാമസമുണ്ടായെന്നും ആരോപണങ്ങളുയരുന്നുണ്ട്.
മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിൻ്റെ ഷര്‍ട്ടിൻ്റെ ഭാഗങ്ങള്‍ സമീപത്ത് കണ്ടതോടെ ഇവര്‍ പ്രദേശം പരിശോധിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന നാലുപേരില്‍ ഒരാളായ കുഞ്ഞുമോൻ്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തിരമാല ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുതലപ്പൊഴി ഹാർബറിൽനിന്നു പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞത്. നാലു മത്സ്യത്തൊഴിലാളികളും കടലിലേക്കു തെറിച്ചുവീഴുകയായിരുന്നു.