NATIONAL NEWS – കന്യാകുമാരി : തമിഴ്‌നാട്ടിലെ കന്യാകുമാരി കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി.
തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് സുകൃത. കഴിഞ്ഞദിവസം ക്ലാസില്‍ പോകാതിരുന്ന പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയില്‍ കിടക്കുകയായിരുന്നു.
തുടര്‍ന്ന് രാത്രി മറ്റുവിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോഴാണ് സുകൃതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അധ്യാപകരുടെ മാനസികപീഡനമാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ആരോപണം. പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ഥിനി മൂന്ന് അധ്യാപകരുടെ പേരുകള്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം നാഗര്‍കോവിലിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുലശേഖരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.