Malayalam Latest News

കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം; നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥി

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുങ്ങി കൊല്ലം ജില്ല. അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും നര്‍ത്തകിയുമായ ആശ ശരതും വിദ്യാര്‍ത്ഥികളും കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിക്കും.വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അധ്യക്ഷനാകും. വിവിധ വകുപ്പ് മന്ത്രിമാരും എംഎല്‍എമാരും നടി നിഖില വിമലും പങ്കെടുക്കും. ആദ്യ ദിവസം 23 വേദികളിലായാണ് മത്സരങ്ങള്‍. മോഹിനിയാട്ടമാണ് ആദ്യ മത്സര ഇനം. നടന്‍ മമ്മൂട്ടി സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും.

ഉദ്ഘാടന ദിവസം ഗോത്രകല ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകും. ഈ വര്‍ഷം പ്രദര്‍ശനമായിട്ടും അടുത്ത തവണ മത്സരയിനമായിട്ടും മംഗലംകളി ഉള്‍പ്പെടുത്തും. വേദിയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇന്‍ഷുറന്‍സ് നല്‍കും. ഭക്ഷണം വെജിറ്റേറിയന്‍ ആയിരിക്കുമെന്നും തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് കലവറയുടെ ചുമതല.

Leave A Reply

Your email address will not be published.