Malayalam Latest News

തട്ടിക്കൊണ്ടു പോയതും കൊണ്ടുവിട്ടതും ഒരേ സ്ത്രീയല്ലെന്ന് സംശയം

കൊല്ലം: ഓയൂരിൽനിന്ന് ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരു രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു.

സംഘത്തിന്റെ ഭാഗമെന്നു സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിനു പിന്നിലെ പ്രധാന കണ്ണി ഒരു സ്ത്രീയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.

വ്യക്തിപരമായ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന സംശയവും ബലപ്പെടുന്നുണ്ട്.

കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ഒരു ഘട്ടത്തിലും തട്ടിക്കൊണ്ടു പോയവർക്ക് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ അനുമാനം.

അതേസമയം, തട്ടിക്കൊണ്ടു പോയ സമയത്ത് മയങ്ങുന്നതിനായി കുട്ടിക്ക് മരുന്നു നൽകിയതായും പൊലീസ് സംശയിക്കുന്നു.

കുട്ടി ഇപ്പോഴും സാധാരണ നിലയിലേക്കു വരാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. അന്വേഷണ സംഘത്തിനു മുന്നിൽ ചില കാര്യങ്ങൾ വെളിപ്പെടുത്തിയെങ്കിലും, ഇടയ്ക്ക് പേടിയാകുന്നുവെന്നും കുട്ടി പറയുന്നുണ്ട്.

ഈ സാഹചര്യത്തിൽ കുട്ടിയോടു കാര്യമായി വിവരങ്ങൾ ചോദിച്ചറിയാനായിട്ടില്ല. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.

അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പോയത് വർക്കല ഭാഗത്തേക്കെന്ന് പൊലീസ് കണ്ടെത്തി.

വർക്കല, കാപ്പിൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

സംഘത്തിൽ രണ്ടു സ്ത്രീകളുള്ളതായും പൊലീസിനു സംശയമുണ്ട്. സംശയിക്കുന്നവരുടെ പട്ടികയിലുള്ള 30 സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും അബിഗേൽ ഇതിൽ ആരെയും തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. ഇതിനു പിന്നാലെയാണ്, പ്രതിയെന്നു സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടത്. ദക്ഷിണ മേഖലാ ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരത്തും കൊല്ലത്തും സിറ്റിയിലും റൂറലിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവരുടെ പ്രത്യേക യോഗം ഇന്നലെ ചേർന്നിരുന്നു. ഇന്നും സംഘം യോഗം ചേരും.

ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത്, ഒരു കുറിപ്പു നൽകി അമ്മയ്ക്കു നൽകാൻ പറഞ്ഞ് കുട്ടികളുടെ ശ്രദ്ധ തിരിച്ചതും കാറിലേക്കു വലിച്ചു കയറ്റിയതും ഒരു സ്ത്രീയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് പാരിപ്പള്ളി പ്രദേശത്തെ ഒരു കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഫോണിൽനിന്ന് അബിഗേലിന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് മോചനദ്രവ്യം ആവശ്യപ്പെട്ടതും ഒരു സ്ത്രീയായിരുന്നു. ഒടുവിൽ, കനത്ത പൊലീസ് പരിശോധനകൾക്കിടെ തിരക്കേറിയ ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ കൊണ്ടുവന്നു വിട്ടതും സ്ത്രീ തന്നെ. ഇതെല്ലാം ഒരാൾ തന്നെയാണോ എന്ന കാര്യത്തിലാണ് സംശയം.

Leave A Reply

Your email address will not be published.