കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽനിന്ന് ഓൺലൈനായി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തിയായത് വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നും തൃപ്പൂണിത്തുറ സ്റ്റേഷൻ യഥാർഥ്യമാകുന്നതോടെ ദീർഘദൂര യാത്രക്കാർക്ക് സൗകര്യവും സഹായകരവുമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
രാവിലെ 9:45 മുതൽ കൊച്ചി മെട്രോ ഫേസ് 1- ബി നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ ആരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും പങ്കെടുക്കും. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിനിലെ യാത്രക്കാർ ഭിന്നശേഷിയുള്ള കുട്ടികളാണ്. ഇവരുമായുള്ള ട്രെയിൻ പുറപ്പെട്ട ശേഷം പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിക്കും.