KERALA NEWS TODAY – തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി യാതൊരു തര്‍ക്കവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
അന്ന് താന്‍ ആദ്യം സംസാരിച്ചോളാമെന്ന് പറഞ്ഞുവെന്ന് മാത്രമേയുള്ളുവെന്നും അതില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരന്‍ പറഞ്ഞു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലെ മൈക്ക് വിവാദം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇനി മാധ്യമങ്ങളുടെ ഈ കോല് കാണുമ്പോള്‍ സൂക്ഷിച്ചേ സംസാരിക്കുവെന്നും ചിരിപടര്‍ത്തി സുധാകരന്‍ പ്രതികരിച്ചു.
‘ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ ആ കോലും കൊണ്ട് അവിടെവച്ചിട്ട് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ചെറിയൊരു കാര്യം പറഞ്ഞത് എടുത്ത് വാര്‍ത്തയിട്ടിട്ട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പറയുകയാ.
ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല. നല്ല സനേഹത്തിലാണ് ഇപ്പോഴും.
ഇന്നലെവരെയും ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് മണിക്കൂറുകള്‍ ഇരുന്ന് സംസാരിച്ചതാണ്. അന്ന് ആദ്യം ഞാന്‍ സംസാരിച്ചോളാമെന്ന് പറഞ്ഞു, അത്രയേയുള്ളു. നിങ്ങള്‍ ഈ കോലും കൊണ്ടുവെച്ച് കണക്ഷന്‍ കൊടുത്തിട്ട് നില്‍ക്കുവാന്ന് ഞാന്‍ അറിയില്ലല്ലോ. അല്ലെങ്കില്‍ ഞാന്‍ ഇത് അവിടുന്ന് പറയുമോ’, സുധാകരന്‍ പറഞ്ഞു.
സതീശനോട് വെറുപ്പുണ്ടെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് അന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ സംസാരിക്കുമോ എന്നും സുധാകരന്‍ ചോദിച്ചു.
തന്റെ മനസ്സില്‍ ഒന്നുമില്ലെന്നതിന്റെ തെളിവല്ലേ അതെന്നും സുധാകരന്‍ പറഞ്ഞു.