KERALA NEWS TODAY- തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
കെ സുധാകരൻ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അമ്പതിനായിരം രൂപ ബോണ്ടിൽ ജാമ്യം നൽകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ഇടക്കാല ജാമ്യം രണ്ട് ആഴ്ചത്തേക്കാണ് ഹൈക്കോടതി അനുവദിച്ചത്.
അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ സുധാകരനോട് നിര്‍ദേശിച്ചു.
പരാതിക്കാരുടെ ആദ്യപരാതിയിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിൻ്റെ വാദം.
കേസില്‍ തത്കാലം അറസ്റ്റ് വേണ്ടെന്നും എന്നാൽ, അന്വേഷണത്തിന്റെ ഇടയിൽ അറസ്റ്റ് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥൻ പറയട്ടെ എന്ന് ഡിജിപി കോടതിയെ അറിയിച്ചു.