Malayalam Latest News

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി

KERALA NEWS TODAY – തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കും പൊലീസിന്‍റെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി.
സുരക്ഷാ പരിശോധനയ്ക്കായി ചൊവ്വാഴ്ച വൈകിട്ടോടെയാണു തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണു ഹെലികോപ്റ്റർ.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, മാസം 80 ലക്ഷം രൂപ നൽകിയാണു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്.
മാസം 20 മണിക്കൂർ പറക്കാനാണ് 80 ലക്ഷം രൂപ. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം.
ഒന്നാം പിണറായി സർക്കാർ പവൻഹംസ് കമ്പനിയിൽനിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ‍ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.
ഒരു വർഷത്തിനുശേഷം കരാർ പുതുക്കിയില്ല.

വീണ്ടും കോപ്റ്റർ എടുക്കുന്നതിനെതിരെ വിമ‍ർശനം ഉയർന്നെങ്കിലും ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷനുമായി പുതിയ കരാർ ഉണ്ടാക്കാൻ കഴിഞ്ഞ മാർച്ച് 2ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹെലികോപ്റ്റർ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് ചിപ്സൺ ഏവിയേഷൻ ആവശ്യപ്പെട്ടു.
എന്നാൽ, തിരുവനന്തപുരത്തു വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പ്രശ്നപരിഹാരത്തിനായി വീണ്ടും ചർച്ച നടത്തി.

തിരുവനന്തപുരത്ത് ആണെങ്കിൽ പാർക്കിങ് തുക കൂടി വേണമെന്നു കമ്പനി ആവശ്യപ്പെട്ടു. ഒടുവിൽ ചാലക്കുടിയിൽ പാർക്ക് ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിച്ച് കരാർ ഒപ്പുവയ്ക്കാൻ തീരുമാനിച്ചു.
മധ്യകേരളത്തിൽനിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണു പാർക്കിങ് ചാലക്കുടിയിൽ മതിയെന്നു ധാരണയായതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. 3 വർഷത്തേക്കാണ് കരാർ.

Leave A Reply

Your email address will not be published.