ടെല്‍ അവീവ് : ഹമാസ് ബന്ദികളാക്കിയസ്വന്തം പൗരന്മാരെ മോചിപ്പിക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വിജയത്തിലേക്കുള്ള പാത നീണ്ടതും പ്രയാസമേറിയതും ആയിരിക്കും. എന്നാല്‍, നീതിബോധത്തോടെയും തകര്‍ക്കാന്‍ കഴിയാത്ത ഉത്സാഹത്തോടെയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇസ്രയേല്‍ വിജയിക്കുമെന്നും നെതന്യാഹു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹമാസ് മറ്റൊരു തരത്തിലുള്ള ശത്രുവായതിനാല്‍, വ്യത്യസ്തമായൊരു യുദ്ധമാണിത്. സാധാരണക്കാര്‍ക്ക് അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുമ്പോള്‍, ഹമാസ് പ്രവര്‍ത്തിക്കുന്നത് നേരെ മറിച്ചാണ്. പറ്റാവുന്നത്ര ഇസ്രയേലികളെ വധിക്കാനാണ് ഹമാസ് ശ്രമിക്കുന്നത്. പലസ്തീന്‍ ജനതയ്ക്ക് എന്തുസംഭവിക്കുന്നുവെന്നും അവര്‍ക്ക് പ്രശ്‌നമല്ല. എല്ലാദിവസവും ഹമാസ് ഇരട്ട യുദ്ധക്കുറ്റം പ്രവര്‍ത്തിക്കുന്നു, അവരുടെ പൗരന്മാര്‍ക്ക് പിന്നിലൊളിച്ച് ഇസ്രയേലികളെ ആക്രമിക്കുന്നു. സാധാരണക്കാരെ അവര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും നെതന്യാഹു ആരോപിച്ചു.