KERALA NEWS TODAY – തിരുവനന്തപുരം: കോതമംഗലം വാരപ്പെട്ടിയില്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ 400-ഓളം വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്. 3.5 ലക്ഷം രൂപയാണ് കര്‍ഷകന്‍ തോമസിന് സര്‍ക്കാര്‍ നല്‍കുന്നത്.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കൃഷിമന്ത്രി പി. പ്രസാദും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനത്തിലെത്താന്‍ കെ.എസ്.ഇ.ബി. അധികാരികളോടും കൃഷിവകുപ്പ് ഉദ്യോഗസ്ഥരോടും കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിതല ചര്‍ച്ചകള്‍ നടന്നതും നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായതും.
കോതമംഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷിചെയ്തിരുന്ന ഒൻപത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്.
വാഴയില ലൈനിൽ മുട്ടിയെന്നാരോപിച്ചായിരുന്നു അധികൃതർ അരയേക്കറിലെ വാഴകൾ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.