KERALA NEWS TODAY – കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പിടിയിലായ പ്രതി റോബിന്‍ ജോര്‍ജിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം പരിശീലന കേന്ദ്രത്തിൽ എത്തിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് റോബിൻ പിടിയിലാകുന്നത്. കേരളാ പോലീസും തമിഴ്നാട് പോലീസും നടത്തിയ അന്വേഷണത്തിലാണ് തെങ്കാശിയിൽ നിന്ന് ഇയാളെ പിടികൂടിയത്.
പോലീസ് പിടികൂടിയ കഞ്ചാവ് ബാഗ് എത്തിച്ചത് തന്റെ സുഹൃത്താണെന്നും മറ്റുവിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നുമാണ് റോബിൻ പോലീസിന് മൊഴിനൽകിയിരിക്കുന്നത്. നായ പരിശീലന കേന്ദ്രത്തിലെ സഹായിയായിരുന്ന ജോമോനെതിരേയും റോബിൻ മൊഴി നൽകിയതായാണ് വിവരം.
സുഹൃത്ത് അനന്തുവാണ് കഞ്ചാവ് കൊണ്ടുവെച്ചതെന്ന് തെളിവെടുപ്പിനിടെ റോബിൻ മാധ്യമങ്ങളോട് പറഞ്ഞു. റോബിനെ കുമാരനെല്ലൂരിലെ ‘ഡെല്‍റ്റ കെ-9’ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.
നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ ഒരു സംഘം തമിഴ്നാട്ടിലേക്ക് പോയി.
റോബിന്റെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ച് നിർണായകവിവരങ്ങൾ ലഭിച്ചത്. തുടർന്ന് തെങ്കാശിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
റോബിന്റെ പിതാവിന് ഒരു തട്ടുകടയുണ്ട്. ഇവിടെ തൊഴിലാളിയായി നിൽക്കുന്ന വ്യക്തി തെങ്കാശി സ്വദേശിയാണ്.
അയാളുടെ പരിജയത്തിലാണ് പ്രതി തെങ്കാശിയിലേക്ക് കടന്നതെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാടിന്റെ പല ഭാഗങ്ങളിൽ നിന്നും റോബിൻ കഞ്ചാവ് എത്തിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.