ആലപ്പുഴ: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയെ 19 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ സ്വദേശി കുട്ടികൃഷ്ണനെ ആണ് പൊലീസ് പിടികൂടിയത്. 2004 ഏപ്രില്‍ 2നാണ് മാന്നാറിനെ നടുക്കിയ കൊലപാതക സംഭവം ഉണ്ടായത്.
കുട്ടികൃഷ്ണനും ഭാര്യ ജയന്തിയും തമ്മില്‍ താമരപ്പള്ളില്‍ വീട്ടില്‍ വച്ച് വഴക്കുണ്ടായി. വിവാഹ മോചിതയാണെന്ന കാര്യം ജയന്തി മറച്ചുവെച്ച് എന്നാരോപിച്ചായിരുന്നു വഴക്ക്. ഇതേതുടര്‍ന്ന് ഇയാള്‍ ജയന്തിയെ ഭിത്തിയില്‍ തല ഇടിപ്പിച്ചു ബോധംകെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് തലക്ക് അടിച്ചു. മരിച്ചുവെന്ന് ഉറപ്പുവരുത്തുകയും തുടര്‍ന്ന് തല അറുത്തു മാറ്റി തറയില്‍ വയ്ക്കുകയായിരുന്നു. അന്ന് രാത്രി കുട്ടികൃഷ്ണൻ ഒന്നേകാല്‍ വയസ്സുള്ള മകള്‍ക്കൊപ്പം മൃതശരീരത്തിന് അടുത്ത് കഴിച്ചുകൂട്ടി.അടുത്ത ദിവസമാണ് കൊലപാതക വിവരം പുറത്തറിയുന്നതും കുട്ടികൃഷ്ണൻ അറസ്റ്റിലായതും. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയില്‍ വിചാരണ നടക്കവേ കുട്ടികൃഷ്‌ണൻ ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.ഒടുവില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷിക്കൊപ്പം കട്ടപ്പനയില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന പ്രതി പിന്നീട് ഒറീസ്സയിലും മുംബൈയിലും ഒളിവില്‍ കഴിഞ്ഞുവെന്ന് കണ്ടെത്തി. കളമശ്ശേരിയില്‍ കഴിയവേയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.