Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

റമ്മി കളിച്ച് 50 ലക്ഷം കടം; ബാങ്ക് കവര്‍ച്ചാ ശ്രമം ഇത് വീട്ടാനെന്ന് മൊഴി

KERALA NEWS TODAY- തൃശ്ശൂര്‍: തൃശ്ശൂര്‍ അത്താണിയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പെട്രോളൊഴിച്ച് അക്രമം നടത്തിയത് കടം തീര്‍ക്കാനുള്ള പണത്തിനായെന്ന് സര്‍ക്കാര്‍ ജീവനക്കാരൻ്റെ മൊഴി.
ആകെ 75 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് തനിക്കുള്ളതെന്നും ഇതില്‍ 50 ലക്ഷത്തോളം രൂപ ഓണ്‍ലൈന്‍ റമ്മി കാരണമുണ്ടായതാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൂടാതെ വീട് ലോൺ ഇനത്തിൽ 23 ലക്ഷം കടമുണ്ട്. കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വലിയ തുകകൾ കടം വാങ്ങി കളിച്ചു.
ആ പണവും നഷ്ടപ്പെട്ടു എന്ന് ഇയാൾ മൊഴി നൽകി. മൊഴി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അത്താണിയിലെ ഫെഡറല്‍ ബാങ്കില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. കൈയ്യിലൊരു സഞ്ചിയുമായി എത്തിയ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ കന്നാസില്‍ നിന്നും പെട്രോളെടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
ആരും അനങ്ങരുതെന്നും ബാങ്ക് കൊള്ളയടിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. അക്രമി ഭീഷണി മുഴക്കുന്നതിനിടെ ബാങ്കിലെ ഉദ്യോഗസ്ഥരിലൊരാള്‍ പോലീസിനെ വിളിച്ചു.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാൾ കന്നാസ് കസേരയിലിട്ട് ബാങ്കില്‍നിന്ന് ഇറങ്ങി ഓടി.

ബാങ്ക് ജീവനക്കാര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ പിന്തുടര്‍ന്നോടി ലിജോയെ പിടികൂടുകയായിരുന്നു. പിന്നീട് ബാങ്കിന് പുറത്തെ പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു.
സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ലിജോ വില്ലേജ് അസിസ്റ്റന്‍റാണെന്ന വിവരം പുറത്തുവരുന്നത്.
മൂന്നാല് ദിവസമായി ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി വില്ലേജിലെ സഹ പ്രവര്‍ത്തകരും പോലീസിനെ അറിയിച്ചിട്ടുണ്ട്.
വിശദാന്വേഷണം നടത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.