ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പാസഞ്ചർ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിടുകയായിരുന്നു. ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിന്‍ നിർത്തിയിട്ട് പോവുകയായിരുന്നു എന്നാണ് വിവരം.
ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ് പ്ലാറ്റ്ഫോം ഒന്ന്. സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായാണ് ആദ്യ സൂചന.അതേസമയം, വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടു കൂടി മികച്ച വരുമാനം നേടിയ റെയിൽവേ സ്റ്റേഷനുകളിൽ കാഞ്ഞങ്ങാടും ഉൾപ്പെടുന്നു. കാസർഗോട്, കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനുകളുടെ വരുമാനത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട് എന്ന് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇപ്പോൾ ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ മികച്ച വരുമാനം ലഭിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ കാസർകോട് 33-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 58-ാം സ്ഥാനത്തുമാണ്. സംസ്ഥാനത്ത് കാസർഗോട് 15-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 25-ാം സ്ഥാനത്തുമാണ്.