KERALA NEWS TODAY- പാലക്കാട്: പാലക്കാട് വധൂവരന്‍മാരുടെ തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
കൊല്ലങ്കോട് പോലീസ് ആണ് കേസെടുത്തത്. സംഭവത്തില്‍ സുഭാഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ കൊല്ലങ്കോട് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. വധൂവരൻമാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു.
ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പോലീസ് കേസെടുത്തത്.
പാലക്കാട് പല്ലശ്ശനയിലെ സച്ചിനും ഭാര്യ കോഴിക്കോട് മുക്കം സ്വദേശി സജ്‌ലക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്‍റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്‌ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.
പഴമക്കാരുടെ ആചാര തുടർച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാൽ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാർ തന്നെ പറയുന്നു. ജൂണ്‍ 25 നായിരുന്നു വിവാഹം. അന്ന് ഗൃഹപ്രവേശനത്തിനിടെയായിരുന്നു സംഭവം.