Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

രാജ്യത്ത് പുതിയ സീരീസിലുള്ള മൊബൈല്‍ നമ്പറുകള്‍; ലഭിക്കുക ഇവര്‍ക്ക്, ഇറക്കുന്നത് വലിയ ലക്ഷ്യത്തോടെ

ദില്ലി: രാജ്യത്ത് പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ ടെലികോം മന്ത്രാലയം അവതരിപ്പിക്കുന്നു. 160 എന്ന അക്കങ്ങളിലാണ് ഈ സീരീസ് ആരംഭിക്കുന്നത്. മാര്‍ക്കറ്റിംഗിനും സര്‍വീസ് കോളുകള്‍ക്കുമായാണ് പുതിയ 160 സീരീസിലുള്ള നമ്പറുകള്‍ ആരംഭിക്കുന്നത് എന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ടെലികോം ഉപഭോക്താക്കൾക്ക് വിളിക്കുന്ന സ്ഥാപനങ്ങളെയും ടെലിഫോൺ ഓപ്പറേറ്ററെയും ഫോണ്‍കോളിന്‍റെ ലൊക്കേഷനെയും കുറിച്ച് കൃത്യമായി അറിയാൻ കഴിയുന്ന രീതിയിലാണ് ഈ 10 അക്ക നമ്പർ സീരീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്സര്‍വീസ്, ട്രാന്‍സാക്ഷനല്‍ ഫോണ്‍ കോളുകള്‍ക്കായി 160ല്‍ ആരംഭിക്കുന്ന നമ്പറുകള്‍ പ്രത്യേകമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് ടെലികോം മന്ത്രലായത്തിന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഫോണ്‍കോളുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കോള്‍ വിളിക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ നിയന്ത്രിത സ്ഥാപനങ്ങളിലോ നിന്നാണോ അതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തട്ടിപ്പുകാരാണോ എന്ന കാര്യം ഇതോടെ കൂടുതല്‍ വ്യക്തമായി കോളുകള്‍ ലഭിക്കുന്നവര്‍ക്ക് തിരിച്ചറിയാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 1600ABCXXX എന്ന ഫോര്‍മാറ്റിലാവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നമ്പറുകള്‍ ലഭിക്കുക. ഇതിലെ AB ടെലികോം സര്‍ക്കിളിന്‍റെ കോഡ് പ്രതിനിധാനം ചെയ്യും. C എന്നത് ടെലികോം സേവനദാതാക്കളുടെ കോഡായിരിക്കും. അവസാനത്തെ മൂന്ന് XXX 000-999 ഇടയിലുള്ള നമ്പറുകളായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി, ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി തുടങ്ങിയ വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് 1601ABCXXX എന്ന ഫോര്‍മാറ്റിലുള്ള 10 അക്ക നമ്പറും വിതരണം ചെയ്യും. 160 സീരീസിലുള്ള നമ്പറുകള്‍ വിതരണം ചെയ്യും മുമ്പ് സ്ഥാപനങ്ങളുടെ വെരിഫിക്കേഷന്‍ ടെലികോം സേവനദാതാക്കളുടെ ഉത്തരവാദിത്തമായിരിക്കും.

Leave A Reply

Your email address will not be published.