ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് ബ്രിട്ടൻ. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സുഗന്ധവ്യഞ്ജനങ്ങൾക്കും അധിക നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയതായി യുകെ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി വ്യക്തമാക്കി. കീടനാശിനി അംശം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ബ്രാൻഡുകളുടെ വിൽപ്പന നിരോധന ഭീഷണിക്കിടെയാണ് ബ്രിട്ടനും നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ചില ബ്രാൻഡുകളിലെ കീടനാശിനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങൾ കഴിഞ്ഞ വർഷം ജനുവരിയിൽ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നതായി യുകെ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി പറഞ്ഞു. ഇന്ത്യൻ കമ്പനികളായ എവറസ്റ്റ്, എംഡിഎച്ച് എന്നിവയുടെ ഉൽപ്പന്നങ്ങളാണ് ആരോപണ നിഴലിലുള്ളത്.
എംഡിഎച്ച് നിർമ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റ് നിർമ്മിച്ച ഒരെണ്ണത്തിന്റെയും വിൽപ്പന ഹോങ്കോംഗ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. കാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്സൈഡ് എന്ന കീടനാശിനി ഇവയിൽ അടങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. എവറസ്റ്റിന്റെ ഉൽപ്പന്നം തിരിച്ചുവിളിക്കുന്നതിന് സിംഗപ്പൂരും ഉത്തരവിട്ടിട്ടുണ്ട്. ന്യൂസിലാൻഡ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവയും ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളിലെ കീടനാശിനി അംശവുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണ നടപടികൾ നടപ്പിലാക്കിയതായി ബ്രിട്ടനിലെ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) അറിയിച്ചു. എന്നാൽ, എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. എഥിലീൻ ഓക്സൈഡിൻ്റെ ഉപയോഗം ബ്രിട്ടനിൽ അനുവദനീയമല്ലെന്ന് എഫ്എസ്എ പ്രസ്താവനയിൽ പറഞ്ഞു.എംഡിഎച്ച്, എവറസ്റ്റ് എന്നിവ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത ഭക്ഷണമോ ചേരുവകളോ വിപണിയിലുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുമെന്ന് യുകെ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി ആവർത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരും ഉപഭോക്താവും ഉത്പാദകരുമാണ് ഇന്ത്യ. 2022 ൽ, ബ്രിട്ടൻ 128 മില്യൺ ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങൾ ആണ് ഇറക്കുമതി ചെയ്തത്, അതിൽ ഇന്ത്യയുടെ വിഹിതം ഏകദേശം 23 മില്യൺ ഡോളറായിരുന്നു.