കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; 23 പേർക്ക് പരിക്ക്. 5 പേരുടെ നില ഗുരുതരമെന്നാണ് ആദ്യ വിവരം. ഇന്ന് രാവിലെ 9:45-ഓടെ ഉണ്ടായ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായിട്ടുള്ളതായാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.
സ്ഥലത്ത് പൊലീസിന്റേയും ഫയർഫോഴ്സിന്റെയും പരിശോധന നടന്നു കൊണ്ടിരിക്കുകയാണ് . കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. അതേസമയം, സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.