പാലക്കാട്: കുറ്റബോധം കൊണ്ട് മാനസാന്തരം വന്ന കള്ളന്മാരുടെ വാർത്തകൾ അപൂർവമായിട്ടെങ്കിലും സംഭവിക്കാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ പാലക്കാട് നിന്നും പുറത്തുവന്നിരിക്കുന്നത്. ഇവിടെ മാലക്കള്ളനാണ് മാനസാന്തരം വന്നത്. ഇതോടെ മാല വിറ്റ് കിട്ടിയ അര ലക്ഷം രൂപയും ഒപ്പം ഒരു ക്ഷമാപണക്കത്തും ഉടമയുടെ വീട്ടിൽ കൊണ്ടിടുകയാണ് കള്ളൻ ചെയ്തത്. കുമരനല്ലൂരില്ലാണ് മാല കട്ട് മനസമാധാനം പോയ കള്ളന് മാനസാന്തരം വന്നത്.കുമരനല്ലൂർ എ ജെ ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻട്രോട്ട് കുഞ്ഞാന്റെ വീട്ടിൽ നിന്നും കഴിഞ്ഞ 19 ന് മകൻ ഷിഹാബിന്റെ മകൾ മൂന്ന് വയസ്സുകാരിയുടെ സ്വർണ്ണ മാലയാണ് മോഷ്ടാവ് കവർന്നത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കഴുത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ വീട്ടുകാർ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചു വന്നു നോക്കിയപ്പോഴാണ് മാല മോഷണം പോയ വിവരമറിയുന്നത്. തുടർന്ന് വീട്ടുകാർ പലസ്ഥലത്തും മാല തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
മാല നഷ്ടമായെന്ന് ഉറപ്പിച്ചിരിക്കെയാണ് ട്വിസ്റ്റ് ഉണ്ടായത്. 2 ദിവസത്തിനിശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകിൽ അടുക്കളക്ക് സമീപത്ത് വെച്ചാണ് സ്ഥലം വിട്ടത്. വീട്ടുകാർ ഉച്ചക്ക് വിശ്രമിക്കുന്ന സമയത്താണ് മോഷ്ടാവ് പണവും കുറിപ്പും കൊണ്ടുവന്ന് വെച്ചത്.
മാല എടുത്ത് വിറ്റു പോയെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാൽ മാപ്പാക്കണമന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്. ഒരു പവനിൽ അധികം തൂക്കം ഉണ്ടായിരുന്ന മാലയുടെ പണം പൂർണ്ണമായും മോഷ്ടാവ് തിരികെ എത്തിച്ചതിൽ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി. പണമായിട്ടാണെങ്കിലും മുതല് തിരികെ ലഭിച്ചതിൽ സന്തോഷത്തിലാണ് വീട്ടുകാർ.