KERALA NEWS TODAY – കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആദ്യഘട്ടത്തിൽ 50 കോടി വിവിധയിനത്തിൽ സമാഹരിക്കും.
ചെറുകിട നിക്ഷേപകർക്ക് ഒക്ടോബറിനുള്ളിൽത്തന്നെ പണം നൽകാനുള്ള സംവിധാനം ഉണ്ടാക്കും.
50,000 രൂപവരെയുള്ള നിക്ഷേപങ്ങൾ മുഴുവനായും ഒരുലക്ഷം വരെയുള്ളതിന്റെ അമ്പതുശതമാനം നിക്ഷേപത്തുകയും പലിശയും നൽകും.
വിവാഹം, രോഗം തുടങ്ങിയ ആവശ്യങ്ങൾ ഉള്ളവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. വലിയനിക്ഷേപങ്ങളുടെ പത്തുശതമാനം തുകയും അമ്പതുശതമാനം പലിശയും നൽകും. നിക്ഷേപകർക്ക് ഒരു രൂപപോലും നഷ്ടമാവില്ലെന്ന് മന്ത്രി വി.എൻ.വാസവൻ ഉറപ്പുനൽകി.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർ, സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, കരുവന്നൂർ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.
41.75 കോടി രൂപ വിവിധ ഇനത്തിലും ഒമ്പതുകോടി റിക്കവറിയിലൂടെയുമാണ് സമാഹരിക്കുക.
കേരള ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥനെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി കരുവന്നൂർ ബാങ്കിൽ നിയമിക്കും.
കേരളബാങ്കിലുള്ള നിക്ഷേപത്തിൽനിന്ന് 12 കോടിയും സഹകരണ ക്ഷേമനിധി ബോർഡിൽനിന്ന് അഞ്ചുകോടിയും തൃശ്ശൂരിലെ സഹകരണബാങ്കുകളിൽനിന്ന് 9.40 കോടിയും പുതിയ നിക്ഷേപമായി പതിനഞ്ച് കോടിയും കൺസ്യൂമർ ഫെഡിൽനിന്നും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽനിന്നുമായി മുപ്പത്തിയഞ്ചുലക്ഷവും കണ്ടെത്തും.
ധനസമാഹരണത്തിന് ആർ.ബി.ഐയുടെയോ നബാർഡിന്റെയോ അനുമതി ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.
506.61 കോടി രൂപയാണ് ബാങ്കിന് പിരിഞ്ഞുകിട്ടാനുള്ളത്. കൊടുക്കാനുള്ളത് 282.61 കോടിയാണ്.
ബാങ്കിന്റെപേരിൽ 22 സ്ഥലങ്ങളുണ്ട്. ബാങ്കിലുണ്ടായിരുന്ന 162 വായ്പകളുടെ ആധാരങ്ങൾ ഇ.ഡി കൊണ്ടുപോയിരിക്കുകയാണ്.
ഇതുകാരണം 184.6 കോടി രൂപ തിരിച്ചടവ് കിട്ടേണ്ടത് ഇല്ലാതായി. ആധാരങ്ങൾ തിരിച്ചുപിടിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.