Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്; സ്പീക്കറുടെ പരാമര്‍ശം ഹൈന്ദവരുടെ ചങ്കില്‍തറച്ചു- സുകുമാരന്‍ നായര്‍

KERALA NEWS TODAY – കോട്ടയം : സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദപ്രസ്താവനയില്‍ പ്രതിഷേധിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി ആഹ്വാനംചെയ്ത വിശ്വസസംരക്ഷണദിനാചരണത്തിന് തുടക്കമായി.
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും വഴിപാടും നടത്തി.
തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നാമജപഘോഷയാത്രയ്ക്കും എന്‍.എസ്.എസ്. ആഹ്വാനംചെയ്തിട്ടുണ്ട്.

ഷംസീറിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണെന്ന് ക്ഷേത്രത്തിലെത്തിയ ശേഷം ജി. സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്പീക്കറുടെ പരാമര്‍ശങ്ങള്‍ ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കര്‍ക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണ്. മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കും.
എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. താന്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് തെറ്റുപറ്റി എന്ന് ഷംസീര്‍ മാപ്പ് പറയണം. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ? മറ്റു മതങ്ങള്‍ക്ക് വേണ്ടേ. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്.
തങ്ങള്‍ ബി.ജെ.പിക്ക് എതിരല്ല. ബി.ജെ.പി ഈ വിഷയത്തില്‍ നല്ല സമീപനം എടുത്തു. തങ്ങള്‍ ആരെയും ആക്രമിക്കുന്നില്ല. പ്രാര്‍ഥന മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലാണെന്ന് കരുതേണ്ടെന്ന് വിമര്‍ശിച്ച മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ.ബാലനെ അദ്ദേഹം പരിഹസിച്ചു.
എ.കെ.ബാലന്‍ വെറും നുറുങ്ങ് തുണ്ട്. എ.കെ.ബാലാനൊക്കെ ആര് മറുപടി പറയും? കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ വഴി വരേണ്ടി വരും. തനിക്കൊപ്പമുള്ള ബി.ജെ.പി നേതാക്കള്‍ നായന്മാരാണ്. നാമജപ ഘോഷയാത്ര വിശ്വാസികളുടെ ആവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.